ലുക്കിങ്ങ് ഫോര്‍ എ പെഴ്‌സണ്‍

ആ ഡബിള്‍ ബെഡ്‌ റൂം ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിരങ്ങുന്ന ഭീമന്‍ പക്ഷികളെ കൈ കൊണ്ട് തൊടാമെന്ന്‌ തോന്നും. അത്രയ്ക്കടുത്തു കൂടെയാണ് അവ പറന്നിറങ്ങുന്നത്‌.

ഈ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് സിറ്റിക്കുള്ളില്‍ ഇത്ര നല്ലൊരു ഫ്ളാറ്റ് ഇത്രയും കുറഞ്ഞ വാടകക്ക്‌ അവര്‍ക്ക് ലഭിച്ചത്‌. ഈ കാരണം കൊണ്ട് തന്നെയാണ് വീട്ടുടമസ്ഥന്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക കൂട്ടി ചോദിക്കാത്തതും. കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള അവയുടെ പോക്കു വരവുകള്‍ മനുവിനും അനിതക്കും കാതിനിണക്കം വന്നു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ തന്നെ രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് വന്ന്‌ പകല്‍ മുഴുവന്‍ ഉറങ്ങുന്ന മനുവിനും, പകല്‍ മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പ്രൊജക്റ്റ് ഷെഡ്യൂളുകളോട് മല്ലിട്ട് വൈകി കൂടണയുന്ന അനിതക്കും ഈ ഇരമ്പങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ സമയവുമില്ലായിരുന്നു.

കണക്കു പുസ്തകത്തില്‍, പാല്‍ക്കരന് കൊടുത്ത ഇരുനൂറ്റി നാല്പത്തഞ്ച് രൂപ റൌണ്ട് ചെയ്ത് ഇരുനൂറ്റി അമ്പതായി മനുവിന്റെ പേരിന് നേര്‍ക്ക് കണ്ടത് ചോദിക്കാന്‍ അനിത മറന്നു പോയത് ഈ സമയമില്ലായ്മ മൂലമാണ്. ഇസ്തിരിക്കാരന്റെ പക്കല്‍ നിന്ന്‌ അനിത വാങ്ങിക്കൊണ്ട് വന്ന തുണികളില്‍ മനുവിന്റെ ഒരു ഷര്‍ട്ട് കുറവായിരുന്നത് അനിതയോട് ചോദിക്കാന്‍ മനുവിനും സമയം കിട്ടിയില്ല. പിന്നെപ്പഴൊ ഓര്‍മ്മ വന്നപ്പോഴേക്കും ഇസ്തിരിക്കാരന്‍ തന്നെ അത്‌ തിരികെയെത്തിച്ചിരുന്നു.

അന്ന് രാത്രി, ഷിഫ്റ്റിനിടയില്‍ ഒരു ബ്രേക്കെടുക്കാന്‍ തുടങ്ങുമ്പോഴാണ് മനുവിന്റെ മൊബൈല്‍ ഫോണില്‍ അനിതയുടെ മെസേജ് തെളിഞ്ഞത്‌.

“ഐ ഗോട്ട് എ ബെറ്റെര്‍ ഓഫര്‍ ഇന്‍ ഡല്‍ഹി. ഐ വില്‍ ബി ലീവിങ്ങ് ദിസ് സാറ്റര്‍ഡെ”.

ചായ കുടിക്കാനെണീറ്റ മനു കസേരയില്‍ അമര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് എക്സ്‌പ്ലോറെറിന്റെ ഫെവരിറ്റ്സില്‍ നിന്ന് സിറ്റി ക്ലാസ്സിഫൈഡ്‌സ്.കോം തുറക്കുന്ന സമയം കൊണ്ട് അവന്‍ മറുപടി ടൈപ്പ് ചെയ്തു.

“ഓക്കെ. വിഷ് യു ഗുഡ് ലക്ക്.”

പിന്നെ കീബോര്‍ഡില്‍ വിരലുകളമര്‍ന്നു.
“ലുക്കിങ്ങ് ഫോര്‍ എ പെഴ്‌സണ്‍ ടു ഷെയര്‍ ടു ബെഡ് റൂം അപാര്‍ട്ട്മെന്റ്”



Writer : ബിക്കു

0 comments:

Copyright © 2013 ഈ പുഴയോരം