പ്രകാശം പരത്തുന്നവള്‍

റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞൊരു വഴിയായിട്ടുണ്ട്. മുട്ടന്‍ മുട്ടന്‍ കുഴികളെ അതി വിദഗ്ദമായി ഒഴിവാക്കി കൊണ്ട് ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയോടിക്കുമ്പോള്‍, ഓരോ കുഴിക്കും ഓരോന്നെന്ന കണക്കില്‍ അച്ഛന്‍ സര്‍ക്കാരിനെ ചീത്ത വിളിക്കുന്നുമുണ്ട്‌‍ . അമ്മക്കുറക്കം തന്നെ ഉലകം. ഞാനാണെങ്കില്‍ ആദ്യമായി മറ്റൊരു ബൂലോഗിയെ കാണാന്‍ പോകുന്നതിന്റെ ടെന്‍ഷനില്‍. കണ്ടാല്‍ എങ്ങനെ ഇരിക്കും, മനുഷ്യനെപ്പോലെ ഒക്കെ തന്നെ ആകുമോ ആവോ എന്നൊക്കെ ആലോചിച്ച്‌ നഖത്തിന്റെ നീളം കുറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴാണ് ഫോണ്‍.
“കുഞ്ഞീ, നീ എപ്പഴാ വരുന്നെ? ഇവിടെ വേറൊരു ബൂലോഗന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആ ആളുള്ളപ്പൊ വരാന്‍ നിനക്ക്‌ പ്രശ്നമുണ്ടോ?

ഓഹൊ!! അപ്പൊ രണ്ട് ബൂലോഗവാസികളെ ഒരുമിച്ചു കാ‍ണാനാണ് പോകുന്നത്‌. കൊള്ളാം!

നല്ലൊരു കഥാകാരനാണ്. ഒന്നു കണ്ട് കളയാം. പ്രശ്നമില്ല എന്ന് മറുപടി കൊടുത്തു.

കുഴികളെല്ലാം എണ്ണിക്കഴിഞ്ഞപ്പോള്‍ കോളേജിനു മുന്നില്‍ വണ്ടി നിന്നു. എന്നെയും അമ്മയെയും അവിടെ ലഗേജ് ഇറക്കി അച്ഛന്‍ ഗഡി സ്ഥലം കാലിയാക്കി.

ഗേറ്റില്‍ കാലുകുത്തിയതും പരിവാരങ്ങള്‍ ഓടിയെത്തി. പുസ്തക പ്രദര്‍ശനം ദാ അവിടെ, ചരിത്ര പ്രദര്‍ശനം ദേ ഇവിടെ ഇതിനു മുകളില്‍...

“അതെയ്, ഇതൊക്കെ ഞാന്‍ കണ്ടോളാം. എനിക്ക് ...ടീച്ചറെ ഒന്ന് കാണണം. ഞാന്‍ സുഹൃത്താണ്.“

മുണ്ടാണുടുത്തിരുന്നതെങ്കില്‍ ആ കുട്ടി അതിന്റെ മടക്കിക്കുത്തഴിച്ചിട്ടേനെ. എന്നിട്ടും ആ പെണ്‍കുട്ടി അതിനെക്കൊണ്ടാവുന്ന വിധം അഡ്ജസ്റ്റ് ചെയ്തു. ചുരിദാറിന്റെ ഷാള്‍ ഒതുക്കി പിടിച്ചു ബഹുമാനം കാണിക്കുന്ന ആ ആക്ഷന്‍.

“ടീച്ചര്‍ ദേ ഇപ്പൊ പുറത്തു പോയതാ, ഇപ്പൊ വരും. ഇവിടെ ഇരിക്കാം”.

മറ്റേ ബൂലോഗനെയും കൊണ്ട് പുറത്തേക്കിറങ്ങിയതാണെന്നു മനസ്സിലായി. എന്നാല്‍ പിന്നെ അതു വരെ ചരിത്ര പ്രദര്‍ശനം ദര്‍ശിക്കം എന്ന്‌ കരുതി. ദാ ഫോണ്‍.

“മോളുട്ടീ, നീ എതിയോ? എവിടെയാ?”

“ഞാന്‍ ദേ ഈ ചരിത്ര പ്രദര്‍ശന...”. ടക്. ഫോണ്‍ കട്ട്.

ആളിവിടെ അടുത്തെത്തിയിട്ടുണ്ട്‌ എന്ന് മനസ്സിലായി. പുറത്തേക്കിറങ്ങിയപ്പോള്‍ അതാ നമ്മുടെ താരം. ചുറ്റും ഒരു പറ്റം മാന്‍പേടകളും. ഒപ്പം വഴി തെറ്റി വന്ന കുട്ടിയെ പോലെ അരിഗോണിയുടെ കഥാകാരനും. അതാ ടീച്ചര്‍ എന്നെ കണ്ടു കഴിഞ്ഞു. ഓടി വരലും കെട്ടിപിടിക്കലും എപ്പൊ കഴിഞ്ഞു?

കസവുള്ള കേരള സാരിയില്‍ ഒരു സുന്ദരി ടീച്ചര്‍. ചടുലമായ ഒരോ നീക്കങ്ങള്‍. ഈ നിമിഷം ഇവിടെ ഗേറ്റിനടുത്ത്, അടുത്ത നിമിഷം അവിടെ റിസപ്‌ഷനില്‍. അതിനടുത്ത നിമിഷം കാന്റീനില്‍. കാലില്‍ ചെരുപ്പില്ല. കയ്യില്‍ ഒരു സെല്‍ ഫോണ്‍. കൈത്തണ്ടയില്‍ നിറയെ വര്‍ണ്ണനൂലുകള്‍. ആയിരം നാവ്‌. എന്നോട് തല്ലുപിടിക്കുന്നു, എന്റെ അമ്മയോട് കുശലം പറയുന്നു, ഫോണില്‍ മറ്റൊരു ബൂലോഗനോട്‌ വര്‍താനം പറയുന്നു, ഇടയില്‍ “മിസ്സ്, ഇതെന്ത ചെയ്യണ്ടെ മിസ്സ്” എന്ന് ചോദിച്ചു വന്ന സംശയക്കുട്ടിയോട് “അത്‌ അവിടെ ചെന്ന്‌ അങ്ങനെ ചെയ്യമ്മൂ” എന്ന്‌ നിര്‍ദ്ദേശിക്കുന്നു.

ഹൌ!! ഇതെന്തൊരു ജീവി!!

“നിങ്ങള്‍ ഈ പുസ്തകങ്ങള്‍ കാണൂ, ഞാന്‍ ഇവനെ ഒന്ന് വിട്ടിട്ടു വരാം.“ അരിഗോണിക്കാരന്‍ പോകാന്‍ തയ്യാറെടുക്കുന്നു.

ഞങ്ങള്‍ പുസ്തക ലോകത്തേക്കിറങ്ങി. നല്ല ഒരു സംരംഭം. ഒരുപാട് പുസ്തകങ്ങള്‍. മലയാളത്തിലെ ഒട്ടു മിക്ക പബ്ലിഷര്‍മാരും ഉണ്ട്‌. എല്ലാം ഈ സൂക്ഷ്മ രൂപിണിയാല്‍ സംഘടിപ്പിക്കപ്പെട്ടത്‌. കുറെ പുസ്തകങ്ങള്‍ വാങ്ങി. എന്നേക്കാള്‍ ആര്‍ത്തി അമ്മക്ക്‌. ബസ്സിലെ രണ്ട് സ്‌റ്റെപ്പ് കയറുമ്പഴേക്കും വാതം കോച്ചുന്ന ആള്‍ക്ക്‌, ഇവിടത്തെ രണ്ടും മൂന്നും നിലകള്‍ നോ പ്രോബ്ലം!

വീണ്ടും ഫോണ്‍. “മോളുട്ടീ നിങ്ങള്‍ എവിടെയാ?”
“ഞങ്ങള്‍ ഈ മാതൃഭൂമീടെ..” ടക്. ഒരേയൊരു മിനിട്ട്. നമ്മുടെ ആളിതാ മുന്നില്‍.

“വാ നമുക്കൊരു ചായ കുടിക്കാം.“
വേണ്ട ചേച്ചീ എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് കാന്റീനിന്റെ പടിയിലെത്തി.

“ദേ ഇതാണെന്റെ ചിന്നു, എന്റെ മോളാ, പിന്നെ ദേ ഇത് അഞ്ജു, ഇവളുണ്ടല്ലൊ, നമ്മുടെ മറ്റേ ബൂലോഗന്‍ ഇന്നിവിദെ വരും എന്ന്‌ ഇന്നലെ സ്വപ്നം കണ്ടത്രേ. പിന്നെ ഇത് ചീതു, ഇവള്‍ എന്റെ ബ്ളോഗില്‍ ഉണ്ട്‌. ഇതാണ് വിനീത, ഇവള്‍ അസ്സല്‍ പാട്ടുകാരിയാ, അയ്യോ... ഇതാരാ...”

രണ്ട്‌ കയ്യും നീട്ടുന്നത് കണ്ടൂ. പിന്നെ കണ്ടത്‌ ഒരു പ്രായമായ സ്ത്രീയുടെ കൂടെ.

“എന്റെ ടീച്ചറാ”
ടീച്ചറുടെ ടീച്ചര്‍, കുട്ടികള്‍ക്ക്‌ കൌതുകം.

അതിനിടയില്‍ ചേച്ചിയുടെ സെല്‍ ഫോണില്‍ ഒരു കുട്ടി- “അങ്കിള്‍, അങ്കിള്‍ വരുമ്പോ കഴിക്കാന്‍ ബര്‍ഗര്‍ പറയണോ, വെജ്‌റോള്‍ പറയണോ?”
ചേച്ചിയുടെ വക്കീലദ്ദേഹം കുട്ടികളുടെ അങ്കിള്‍.

എന്റെ കണ്ണുകളില്‍ അത്ഭുതം. ഇങ്ങനെയും ഒരാള്‍. ചുറ്റും ഈച്ച പോലെ പറ്റിക്കൂടിയിരിക്കുന്ന ഓരൊ കുട്ടിയും മിസ്സ് മിസ്സ് എന്ന്‌ വിളിച്ചാണ് കലപില കൂട്ടുന്നതെങ്കിലും ആ ഓരൊ വിളിയും‍ അമ്മേ എന്നാണ് എന്ന് എനിക്ക്‌ മനസ്സിലാകുന്നു. ഓരൊരുത്തരും ഈ ടീച്ചറുടെ മടിയിലാണ്, ഹൃദയത്തിലാണ്. കാന്റീനില്‍ ചെലവഴിച്ച ആ അഞ്ച് മിനിട്ടില്‍, ഗേറ്റിലേക്ക് നടക്കുന്ന നിമിഷങ്ങളില്‍, ഗേറ്റില്‍ വെച്ച്‌ സന്ധ്യ എന്ന കുട്ടിയെക്കൊണ്ട്‌ മനോഹരമായ ഒരു പാട്ടു പാടി ഞങ്ങളെ കേള്‍പ്പിച്ചപ്പോള്‍ ഒക്കെ ഞാന്‍ അറിഞ്ഞു, ബൂലോഗത്തില്‍ അരുമായി സംസാരിച്ചാലും, ഈ ചേച്ചി പ്രതിപാദ്യ വിഷയമായി വരുമ്പോള്‍ സ്വന്തം ചേച്ചിയെക്കുറിച്ചെന്ന വണ്ണം അവരെല്ലാം വികാരാധീനരാകുന്നത്‌ എന്തുകൊണ്ടെന്ന്‌.

ഒരു തുള്ളിക്കൊരു കടല്‍ തിരിച്ചു തരുന്ന ഈ ചേച്ചിയെ പോലെ ഈ ചേച്ചി മാത്രം.

യാത്ര പറയും നേരം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി “ദാ, ഇവരെ ആ കല്യാണില്‍ ഒന്നു വിട്ടേക്കു”. മനസ്സില്‍ ഒരു കുഞ്ഞു സങ്കടം.

ഓട്ടോറിക്ഷക്ക്‌ പിന്നില്‍ ചേച്ചി ചെറുതായപ്പോള്‍ എനിക്കൊരു സന്ദേശം വന്നതായി മൊബൈല്‍ ഫോണ്‍ അറിയിച്ചു. തുറന്നു നോക്കാതെ തന്നെ ഞാനത് വായിച്ചു.

“ലവ് യു മോളൂട്ടീ”


Writer: ബിക്കു

0 comments:

Copyright © 2013 ഈ പുഴയോരം