പ്ര-ണ-യമെന്ന മൂന്ന് അക്ഷരം

വെബ്സ്റ്റേഴ്സിന്റെ "ഡിക്ഷ്ണറി ഓഫ്‌ കൊട്ടേഷന്‍സ്‌' നവിന്‍ പോളിന്റെ കയ്യില്‍ നിന്നും വാങ്ങിക്കുമ്പോള്‍ കണ്ണു കലങ്ങുകയോ ചുണ്ടു വിറയ്ക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഹൃദയത്തിലൂടെ ഒരു മിന്നല്‍ കടന്നുപോയി അത്‌ നിലച്ചതുപോലെ ഒരു തോന്നല്‍ ..അത്രമാത്രമേ തോന്നിയിരുന്നുള്ളു.

നവീന്‍പോളിന്റെ പ്രണയം ശൂട്ടേന്ന് പൊട്ടി അവസാനിക്കുമെന്ന് അറിയാമായിരുന്നു. പുസ്തകപ്പുഴുവായിരുന്ന പാവം ചെറുക്കന്‍ താനൊരു ബോറനാണെന്ന് നിരന്തരം രേഖപ്പെടുത്തി.. അവള്‍ക്കിഷ്ടമുള്ള കളറിലുള്ള കുപ്പായമണിഞ്ഞു,നിരന്തരം സമ്മാനങ്ങള്‍ വാങ്ങിക്കൊടുത്തു,അവധി ദിനങ്ങളില്‍ കാണാതിരിക്കുമ്പോള്‍ പട്ടിയെപ്പോലെയിരുന്നു മോങ്ങി.


അവസാന വര്‍ഷം പിരിയാന്‍ നേരത്ത്‌ അവന്റെ ചാച്ചന്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന "ഡിക്ഷണറി ഓഫ്‌ കൊട്ടേഷന്‍സ്‌' എന്ന പുസ്തകം കൈയ്യില്‍ തന്ന് പിന്നേയും പിന്നേയും മോങ്ങി.

'നീയില്ലാത്ത എന്റെ ജീവിതം വ്യര്‍ത്ഥമാണെന്ന്' പറഞ്ഞ്‌ മൂക്കു ചീറ്റി.. ഒരു ഭ്രാന്തനെപ്പോലെ മുടിയും താടിയും നീട്ടി ,ബീഡി വലിച്ച്‌, റോഡുവക്കിലെ പെപ്പു വെള്ളം കുടിച്ച്‌ അല്‍പമാത്രമായ ജീവന്‍ നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. മറ്റൊരു സ്ത്രീയെ കൈവിരല്‍ തുമ്പുകൊണ്ട്‌ സ്പര്‍ശിക്കുക പോലുമില്ലെന്ന് കടുപ്പം പിടിച്ച മറ്റൊരു ശപഥവും ചെയ്തു.


പാവം പിടിച്ച ചെറുക്കന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലേക്ക്‌ പറന്ന് ഒരു ഡോക്ടറു പെണ്‍കുട്ടിയെ കെട്ടി മൂന്നു പിള്ളാരെയും ജനിപ്പിച്ചു സുഖമായി ജീവിച്ചു.

കഥ ഇവിടെ അവസാനിക്കേണ്ടതായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവനെ 'ഓര്‍ക്കൂട്ടില്‍' വെച്ചു കണ്ടപ്പോള്‍ ഭയങ്കരമായ സന്തോഷം തോന്നി. നൂലുപോലെയിരുന്ന ചെറുക്കന്‍ പെട്ടതലയനായതും,കുടവയറനായതുമായ ഫോട്ടോകള്‍ ഒളിഞ്ഞിരുന്നുനോക്കി ചിരിച്ചു. സന്തോഷം സഹിക്കാന്‍ വയ്യാതായപ്പോഴാണ്‌ ഒരു സ്ക്രാപ്പിട്ടത്‌. അവനതിനെ നിഷ്കരുണം നിരാകരിച്ചു. അവന്റെ കയ്യില്‍ നിന്നും നേരിട്ട ആദ്യത്തെ തിരസ്കാരം.... വീണ്ടും ഒന്നിട്ടു, വീണ്ടും വീണ്ടും തിരസ്കാരത്തോട്‌ തിരസ്കാരം. അവനിപ്പോള്‍ വിഷാദം നിറഞ്ഞ കണ്ണുകളേയും,കുലകുലയായുള്ള പറന്ന മുടിയേയുംചെവിയില്‍ കടുകു വറുക്കുന്ന സ്വഭാവമുള്ള പെണ്‍കുട്ടികളേയും വെറുക്കുന്നുണ്ടാകും.



കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്ത്‌ പൊടിപിടിച്ച കീബോര്‍ഡില്‍ നോക്കിയപ്പോള്‍ ശെടാാ.. ജീവിതം ആകപ്പാടെ മാറാല പിടിച്ചല്ലോ എന്നോര്‍ത്തു. നഖങ്ങള്‍ മഞ്ഞ പിടിച്ചിരിക്കുന്നു,തലയില്‍ എണ്ണ തേച്ച്‌ കുളിച്ചിട്ട്‌ കാലങ്ങളായി കണ്ണാടി എടുത്തുകൊണ്ടു വന്ന് മുഖത്തെ മൊത്തത്തില്‍ ഒന്നു പരിശോധിച്ചു. മുപ്പത്തഞ്ചു വയസ്സിന്റെ വരകള്‍ ചുണ്ടിനോടു ചേര്‍ന്നു വന്നു തുടങ്ങിയതിന്റെ ചെറിയ ലക്ഷണമുണ്ട്‌. കണ്‍തടത്തിനു ചുറ്റും ബ്ലാക്ക്‌ സര്‍ക്കിള്‍ ഉണ്ട്‌,കൈവിരലുകള്‍ പരു പരുത്ത്‌ ഞെരമ്പ്‌ പൊന്തി തുടങ്ങിയിട്ടുണ്ട്‌. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഈ കൈകളെക്കുറിച്ചല്ലെ അപ്പുറത്തെ ക്ലാസ്സിലെ വിവരം കെട്ട ചെറുക്കന്‍ കവിതയെഴുതിയത്‌.

മുടികളെ തൊട്ടപ്പോള്‍ പ്രീഡിഗ്രിയിലെ രാജേഷിനെ ഓര്‍മ്മ വന്നു. 'ആമസോണ്‍ നദിയിലെ ഓളങ്ങള്‍ എന്നു തുടങ്ങുന്ന ഗമണ്ടന്‍ പ്രേമ ലേഖനത്തിന്റെ മണം.. അവന്റെ പോക്കറ്റില്‍ നിന്ന് ബ്രൂട്ട്സ്‌ സ്പ്രേയുടേയും പോണ്‍സ്‌ പൗഡറിന്റേയും ഇടകലര്‍ന്ന മണം ഓരോ വരികളേയും പൊതിഞ്ഞിരുന്നു. അവനെ അടിമുടി അവള്‍ തിരസ്കരിച്ചു. അവന്റെ ആമസോണ്‍ നദിയെ തുണ്ടം തുണ്ടമാക്കി അവന്റെ ഡെസ്കിനു മുകളിലേക്കു വലിച്ചെറിഞ്ഞു എത്രമാത്രം അവനന്ന് യാചിച്ചു. 'പ്രണയമെന്ന മൂന്നക്ഷരം' എന്ന പേരില്‍ കോളേജ്‌ മാഗസിനില്‍ അവന്‍ അവളെക്കുറിച്ച്‌ കവിത അടിച്ചു വിട്ടു (നിര്‍ഭാഗ്യവശാല്‍ കുറച്ചെങ്കിലും കവിത്വമുള്ളവരേ അവളെ പ്രേമിച്ചിട്ടുള്ളു. ഒരായിരം പ്രാവശ്യം അവളുടെ പേരിനെ അവര്‍ കുത്തികൊന്നു


ഇന്ന് ജീവിതത്തിലാദ്യമായി അവരൊടൊക്കെ മനസ്താപം തോന്നുന്നു. പൊട്ടിപൊട്ടിക്കരയണമെന്നു തോന്നുന്നുണ്ട്‌ പക്ഷെ ഇനി മോങ്ങിയിട്ടു കാര്യമില്ല. എങ്ങി നെ കരയാതിരിക്കും മുപ്പത്തിയഞ്ചു കഴിഞ്ഞ ഒരു കോളേജു ടീച്ചര്‍,രണ്ടു കുട്ടികളുടെ അമ്മ,മുരടനായ ഭര്‍ത്താവ്‌ ..ഇവര്‍ക്കൊക്കെ ഇടയില്‍ പെട്ട്‌ വയസ്സന്‍ പേരപോലെ തോലുരിഞ്ഞ്‌,ഒരു തുള്ളി സ്നേഹത്തിനായ്‌ ദാഹിച്ച്‌ ,അവസാനം മരിച്ച്‌ തീവെച്ച്‌ കുറച്ച്‌ ചാരമായിപോകും. ഭീകരം...അതി ഭീകരമെന്നു പറയണം.

കുട്ടികള്‍ അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്നുണ്ട്‌. അനില്‍ ഇന്നും വീട്ടില്‍ വരാന്‍ വെകും. അയാള്‍ പെണ്ണുപിടിയനോ കള്ളുകുടിയനോ ഒന്നുമല്ല എങ്കിലും മൊത്തത്തില്‍ ഒരു മുഷിഞ്ഞ സ്വഭാവമാണ്‌. കോലിട്ടു തോണ്ടി നോക്കണം സ്നേഹമുണ്ടോയെന്നറിയാന്‍. മിക്കവാറും സമയം ബിസിനസ്സിനെ പറ്റിയോര്‍ത്ത്‌ മൂഡോഫ്‌ ആണ്‌. ആവശ്യത്തിനു പണമുണ്ട്‌. 'ചാവുമ്പോ ഇതൊക്കെ കെട്ടിപ്പെറുക്കോ" അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. കുട്ടികള്‍ മിടുക്കരാണ്‌. എല്ലാ വിഷയത്തിലും ഫസ്റ്റാണ്‌. അച്ഛന്റെ ബുദ്ധിയാണ്‌ അമ്മയെപ്പോലെ 'ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറയും' 'എന്‍. എസ്‌ മാധവന്റെ കഥകളും ' ഒന്നും വായിച്ച്‌ സമയം മെനക്കെടുത്തിയില്ല. 'എ പെര്‍ഫെക്ട്‌ ഫാമിലി' എന്നൊക്കെപ്പറഞ്ഞാല്‍ ഇതാണ്‌. അതിനിടയിലാണ്‌ 'ഡിക്ഷണറി ഓഫ്‌ കൊട്ടേഷന്‍സും, ഒര്‍ക്കൂട്ടും,സ്ക്രാപ്പും ഒക്കെ ഇടയില്‍ കയറി എടങ്ങേറാക്കിയത്‌.

നവീന്‍ പോളിനു സ്ക്രാപ്പയച്ചില്ലായിരുന്നുവെങ്കില്‍ ,അവന്‍ സമ്മാനിച്ച പുസ്തകം പൂര്‍വ്വകാല സ്മരണയോടെ മറിച്ചു നോക്കിയില്ലായിരുന്നെങ്കില്‍ അവള്‍ക്ക്‌ ഇങ്ങനെയൊരു മുടിഞ്ഞ ചിന്ത ഉണ്ടാകുമായിരുന്നില്ല. അവളെ തല്ലണം എന്തിനവള്‍ ഫിലാഡല്‍ഫിയയില്‍ കിടക്കുന്ന ചെറുക്കന്‌ സ്ക്രാപ്പയച്ചു? എന്തിനവള്‍ സായിപ്പുമാരും മദാമമ്മാരും ജിവിതം.പ്രണയം എന്നിങ്ങനെ ലോകത്തിലെ സകല കുണ്ടാമണ്ടികളെക്കുറിച്ചും കുത്തിക്കുറിച്ചു വെച്ചിരിക്കുന്ന പുസ്തകമെടുത്ത്‌ മറിച്ചുനോക്കി?

പുസ്തകപ്പുഴുക്കളും, ആദര്‍ശ ധീരന്മാരും നേതാക്കളുമായിരുന്ന ചെറുക്കന്മ്മാര്‍ ഇടക്കിടെ ഒരു മഹത്‌ വചനമെടുത്ത്‌ വിശിയെറിഞ്ഞ്‌ പെണ്‍കുട്ടികളെ പുളകം കൊള്ളിച്ചിരുന്ന പുസ്തകമാണ്‌ അവള്‍ അബദ്ധവശാലെടുത്ത്‌ വായിച്ച്‌ 'കല്ല്യാണത്തിലൂടെ അപ്പാടെ മരിക്കുന്ന പ്രണയത്തെ' പ്പറ്റിയുള്ള തലതെറിച്ച ചിന്ത മനസ്സിലേക്ക്‌ വലിച്ചുകേറ്റിയത്‌.

കഷ്ടകാല സമയമാണ്‌... കണ്ടകശനിയാണ്‌ കൊണ്ടേ പോകുന്ന സമയമാണ്‌ .ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം. ഒരു പാവം പിടിച്ച ഹൃദയത്തെ ഇങ്ങനെ പൂക്കാതെയും തളിര്‍ക്കാതെയും ദുഃഖിപ്പിച്ച്‌ ഇരുത്തിക്കൂടാ..




പിറ്റേ ദിവസം കാലത്ത്‌ അഞ്ചിന്‌ പതിവുപോലെ എഴുന്നേറ്റ്‌ കുട്ടികളെ സ്കൂളിലേക്ക്‌ ഒരു വിധം ഒരുക്കി അയച്ച്‌ ഒന്ന് ശ്വാസമെടുത്തു. ബസ്സ്‌ വരാന്‍ പതിനഞ്ചു മിനുട്ടുകൂടിയുണ്ട്‌. മൂന്നു നാലു ഇഡലി വാരിവിഴുങ്ങി. പിന്നെയുള്ള സമയം മേയ്ക്കപ്പിനായ്‌ മാറ്റിവെച്ചു. മുടി നന്നായ്‌ ഒതുക്കികെട്ടി.,കണ്ണിനുമുകളിലൂടെ ഒരു വരവരച്ചു,പൊട്ടു തൊട്ട്‌ ചുണ്ടില്‍ ചെറുതായൊന്നു തേയ്ച്ചു. കണ്ണാടിയില്‍ മുഖം നോക്കി. പണ്ടത്തെ അത്രയില്ലെങ്കിലും കാണാന്‍ മോശം ഒന്നും ഇല്ല. ദുഃഖിതയായുള്ള നായികയുടെ ലുക്ക്‌ തേയ്ച്ചാലും കുളിച്ചാലും പോകില്ല, പക്ഷെ ആ ദു:ഖത്തെയാണ്‌ നവീന്‍ പോള്‍ മോഹിച്ചു മോഹിച്ചു പരവശനായത്‌.


സ്റ്റാഫ്‌ റൂമില്‍ പതിവുപോലെ എല്ലാവരും ഉണ്ടായിരുന്നു. ഇന്നെന്താ വല്ല കല്ല്യാണത്തിനും പോകുന്നുണ്ടോയെന്ന് മിക്കവരും ചോദിച്ചു. ജോണ്‍ സാറും,വിജയകുമാറും പതിവുപോലെ ഒരു വളിച്ച തമാശ പറഞ്ഞു ചിരിച്ചു.



കുറച്ചുനേരം പുറത്തു നടന്ന് ശുദ്ധവായു ശ്വസിക്കാമെന്നുകരുതി വേഗം പുറത്തിറങ്ങി.പുറത്ത്‌ മടക്കുകളില്ലാത്ത ഭൂമിയെക്കണ്ടപ്പോള്‍ കുറച്ച്‌ ആശ്വാസം തോന്നി.

വരാന്തയിലൂടെ നടക്കുമ്പോള്‍ അവള്‍ വളരെ ഏകാകിയാകും.വലിയൊരു ഹാളില്‍ ആരുമില്ലാതെ ഒറ്റക്കിരിക്കുന്ന പ്രതീതി.പടവുകളില്‍ ചടഞ്ഞിരിക്കുന്ന ചാര പ്രാവുകള്‍ മനസ്സില്‍ നിശബ്ദതയുടെ തുരുത്തുകള്‍ പണിയും. പതിവുപോലെ കുട്ടികള്‍ ടീച്ചറോടു ചിരിക്കുമ്പോള്‍ അവരുടെ മുഖങ്ങളെ തിരിച്ചറിയാതെ, വിഭ്രാന്തി വന്ന് അവളുടെ ബുദ്ധിയെ പരിഭ്രമിപ്പിക്കും.


സ്റ്റാഫ്‌ റൂമിനപ്പുറത്ത്‌ വിശാലമായ പറമ്പുണ്ട്‌. ചെറിയൊരു സിമന്റു ബ്ലോക്കുകൊണ്ടാണ്‌ അതിനെ വേര്‍തിരിച്ചിരിക്കുന്നത്‌. ആകാശത്ത്‌ മിക്കപ്പോഴും വട്ടം വീശുന്ന പരുന്തുകളെകാണാം. കരിഞ്ഞും വാടിയും നില്‍ക്കുന്ന പുല്ലുകളില്‍ പുള്ളിക്കുത്തുകളുള്ള പശുക്കള്‍ മേഞ്ഞു നടക്കുന്നതുകാണാം.

അവള്‍ ശ്വാസത്തെ ഉള്ളിലേക്കെടുത്ത്‌ മൂക്കിലൂടെ ഊതിവിട്ടു. പ്രാണായാമത്തിലൂടെ മനസ്സിനെ തണുപ്പിച്ചു. ഹൃദയത്തെ പൂക്കാതെയും തളിര്‍ക്കാതെയും ദുഃഖിതയാക്കി ഇരുത്തിക്കൂടാ..


പറമ്പിന്റെ ഇടത്തേ അറ്റത്തായ്‌ വലിയൊരു പ്ലാവുണ്ട്‌ അവിടെയാണ്‌ പ്രണയിക്കുന്ന കുട്ടികളുടെ ഇടത്താവളം.അവിടെയിരുന്നവര്‍ മതിയാവോളം വര്‍ത്തമാനം പറയും. ഇന്നവിടെ ആരും ഇല്ല. പകരം മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ പുതിയ സാര്‍ അവിടെ നിന്ന് സിഗരറ്റു വലിക്കുന്നുണ്ട്‌. കുറച്ചു നാളായി അയാള്‍ അവിടേക്ക്‌ സ്ഥലം മാറി വന്നിട്ട്‌, അന്തര്‍മുഖനാണ്‌ വിവാഹിതനല്ല എന്നാണ്‌ പറഞ്ഞുകേട്ടത്‌ . ഏകാകിയായ പുരുഷനെ കണ്ടപ്പോള്‍ അവള്‍ക്കു പാവം തോന്നി. സാധാരണ അടുപ്പു കല്ലുകൂട്ടിയതുപോലെ കുറച്ചുപേര്‍ നിന്ന് പുകയൂതുകയും വളിപ്പു പറഞ്ഞു ചിരിക്കുകയുമാണ്‌ ചെയ്യുക.

അയാള്‍ ഒരു മൂടല്‍ മഞ്ഞുപോലെ വിഷാദച്ഛായയില്‍ അവള്‍ക്കുമുന്നിലൂടെ കടന്നുപോയി. ഒന്നു മൃദുവായി ചിരിച്ചിരുന്നിരിക്കണം.

കവിയായിരിക്കുമോ? പൊടുന്നനെ കവികളെ അവള്‍ അഗാധമായ്‌ സ്നേഹിച്ചു.

മരങ്ങള്‍,പൂക്കള്‍,ആകാശം എന്നിവയെപ്പറ്റി കുത്തിക്കുറിക്കുവാന്‍ മുരടന്മാര്‍ക്കുപറ്റില്ല. ഒരു പെണ്ണിനെ അടിമുടി തളിര്‍പ്പിക്കാന്‍ ഒരു കവിക്കേ കഴിയൂ.


പിന്നീട്‌ പല സ്ഥലത്ത്‌ വെച്ചും അവള്‍ അയാളെ കണ്ടു. ചിലപ്പോഴൊക്കെ ഒരു ദീര്‍ഘരേഖ ഹൃദയത്തിലൂടെ കടന്നുപോയി. ഹൃദയം ചില്‍,ചില്‍ എന്ന് മിടിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ഞെരമ്പുകളിലൂടെ ചോര കടന്നുപോകുന്നുണ്ട്‌. വര്‍ഷങ്ങള്‍ക്കു ശേഷം ഹൃദയത്തിന്റെ തുടിപ്പുകള്‍ തിരിച്ചറിയാനാവുന്നുണ്ട്‌.

തെറ്റാണോ? വിവാഹിത രണ്ടു കുട്ടികളുടെ അമ്മ. അതിനവള്‍ എന്തു ചെയ്തു പ്രവര്‍ത്തന രഹിതമായ ഒരു പാവം ഹൃദയത്തെ ഒന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു,

ഹ..ഹാാ യെന്നവള്‍ ചിരിച്ചു. സിനിമാ നടിയെപ്പോലെ തലമുടി പിന്നിലേക്കൊന്നു വാരിയെറിഞ്ഞു. വെകീട്ട്‌ വീട്ടില്‍ വന്നപ്പോള്‍ അവള്‍ ഗംഭീരമായൊരു മൂളിപ്പാട്ടു പാടി. ഒരൊറ്റമണിക്കൂര്‍ നിന്നങ്ങു കുളിച്ചു. കുട്ടികളെ വഴക്കു പറഞ്ഞില്ല. തറതുടക്കാന്‍ വന്ന പെണ്ണിന്‌ കുറച്ചു നാരങ്ങാവെള്ളം കൊടുത്ത്‌ ഫാനിനു കീഴെ കുറച്ചുനേരം ഇരുത്തി. സ്നേഹം,കാരുണ്യം, ദയ എന്നിവ കുറച്ചുകൂടി കോശങ്ങളില്‍ പടരുകയാണ്‌.


രാത്രി അനില്‍ വന്നു. ബിസിനസ്സിന്റെ കാര്യങ്ങളെപ്പറ്റിയോര്‍ത്ത്‌ ഇനി തലപുകയ്ക്കരുതെന്ന് അയാളെ അവള്‍ സാന്ത്വനിപ്പിച്ചു തലയില്‍ ചെറുതായി മാന്തിക്കൊടുത്ത്‌ ചൂടുപിടിച്ചിരിക്കുന്ന തലയെ തണുപ്പിച്ചു. ചുക്കുവെള്ളം കുടിച്ച്‌ ഉറക്കത്തിലേക്ക്‌ അയാള്‍ വഴുതിവീഴുന്നതും നോക്കി അവളിരുന്നു.


ആദ്യരാത്രിയില്‍ നവീന്‍പോളിനെപ്പറ്റി പറഞ്ഞപ്പോള്‍ അയാളുടെ രക്തം തിളച്ചില്ല. വിശാലഹൃദയനായിട്ടല്ല അതൊക്കെ സില്ലി കാര്യങ്ങള്‍ എന്നേ അയാള്‍ കരുതിയുള്ളു. ഭയങ്കരമായ ഒരു ആശ്വാസമായിരുന്നു അവള്‍ക്ക്‌ . 'ഡോക്ടറോടു ചോദിക്കുകയിലെ ' ഭര്‍ത്താവിനെപ്പോലെ ചെപ്പക്കുറ്റിക്കടിച്ച്‌ ഇടക്കിടെ കുത്തിയും മാന്തിയും നോക്കി,വെള്ളമടിച്ചു വന്ന് പീഡിപ്പിച്ച്‌ പീഡീപ്പിച്ച്‌ അവളെ കൊന്നെങ്കിലോ എന്നുകരുതി മടിച്ചു മടിച്ചാണ്‌ പറഞ്ഞത്‌.

പിന്നീട്‌ തണുത്തുറഞ്ഞ അയാളുടെ സ്നേഹം കണ്ടപ്പോള്‍ എന്തുകൊണ്ട്‌ അയാള്‍ക്ക്‌ തന്നെ അത്രയ്ക്കങ്ങു സ്നേഹിച്ചുകൂടാ എന്നു തോന്നി. നവീന്‍ പോളിനെ വഴിയില്‍ വെച്ചെങ്ങാന്‍ കണ്ടാല്‍ തുണ്ടം തുണ്ടമാക്കി അരിഞ്ഞ്‌ സൂപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ അവളുടെ ഹൃദയം തേന്മാവിനെപ്പോലെ പൂത്തുലഞ്ഞിരുന്നേനെ. അല്ലെങ്കില്‍ അവളുടെ ഹൃദയത്തെ തൊടുന്ന എന്തെങ്കിലും അയാള്‍ക്കു പറഞ്ഞുകൂടെ.


അവള്‍ നക്ഷത്രങ്ങളെ നോക്കി.അലസമായ്‌ വരുന്ന കാറ്റിനെ തൊട്ടു. ഇലകള്‍ തിളങ്ങുന്നതും പൂക്കള്‍ അനങ്ങുന്നതും നോക്കി നിന്നു.





മലയാളം സാര്‍ മിക്ക ദിവസവും പ്ലാവിനടിയില്‍ നിന്ന് സിഗരറ്റു വലിച്ചു. അയാള്‍ അരികിലൂടെ കടന്നുപോകുമ്പോഴൊക്കെ ഹൃദയത്തിലൂടെ ഒരു വാല്‍ നക്ഷത്രം കടന്നുപോയി.

'ടീച്ചറുടെ നാടെവിടെയാണ്‌'?


ഒരിക്കല്‍ അയാള്‍ ചോദിച്ചു.


അവള്‍ നാടിനെപ്പറ്റിയും,വീടിനെപ്പറ്റിയും, അനിലിനെപ്പറ്റിയും,കുട്ടികളെപ്പറ്റിയു ം പറഞ്ഞു. അയാള്‍ കുറച്ചേ പറഞ്ഞുള്ളു പക്ഷെ പറഞ്ഞതൊക്കെയും ആകര്‍ഷകവും മാന്യവുമായിരുന്നു.

പിന്നീട്‌ പല പ്രാവശ്യവും അവര്‍ സംസാരിച്ചു. സാഹിത്യവും രാഷ്ട്രീയവും കാരുണ്യവുമൊക്കെ ഇടകലര്‍ന്നു വന്നു.അവള്‍ പറയുന്നതൊക്കെ അയാള്‍ ശ്രദ്ധയോടെ കേട്ടു. തന്റെ സംസാരം അയാളുടെ ചുളിഞ്ഞ ജീവിതത്തെ കുറച്ച്‌ നിവര്‍ത്തിയെങ്കില്‍ എന്നവള്‍ ചിന്തിച്ചു. ചിലപ്പോള്‍ കടുകുമണിപോലെ പൊട്ടിത്തെറിച്ച്‌ അവള്‍ അയാളെ ചിരിപ്പിച്ചു.



ഒരിക്കള്‍ അയാള്‍ പറഞ്ഞു.

'നോക്കൂ ടീച്ചറേ എന്റെ ജീവിതം ഒരു ചെറിയ വൃത്തം പോലെയാണ്‌ ഒരു കുത്തില്‍ നിന്നും തുടങ്ങി ഒരു കുത്തില്‍ അവസാനിച്ചു.'


അവള്‍ കൂടുതലായൊന്നും ചോദിച്ചില്ല. ദുഃഖിതരെ കൂടുതല്‍ ദുഃഖിപ്പിക്കരുത്‌ പ്രത്യേകിച്ചും അയാളെ


ഇതിനിടയില്‍ അവളുടെ ഹൃദയം നന്നായ്‌ മിടിക്കുകയും, സന്തോഷിക്കുകയും ഊഞ്ഞാലാടുകയും ചെയ്തു. അവള്‍ക്ക്‌ അത്രയ്ക്കേ വേണ്ടിയിരുന്നുള്ളു,ജീവിച്ചിരിക്കുന്നുവെന്നുള്ള ചെറിയൊരു തെളിവെടുപ്പ്‌. ചെറിയ ഒരു അനക്കം......



കോളേജടച്ചു. അവള്‍ക്ക്‌ മലയാളം സാറിനോട്‌ യാത്ര പറയാനായില്ല.മുടിഞ്ഞ തിരക്കായിരുന്നു അന്ന്. വെക്കേഷന്‍ മുഴുവന്‍ ഹൃദയം ഒരു നല്ല വര്‍ത്തമാനം കേള്‍ക്കാന്‍ കാത്തിരുന്നു. മഴയും വെയിലും ഇടകലര്‍ന്ന് സമയം വേഗം പാഞ്ഞുപോയി. കോളേജു തുറന്ന ജൂണില്‍ ചാറ്റല്‍ മഴത്ത്‌ അവള്‍ അയാളെക്കാണാന്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക്‌ നടന്നു. ശിവന്‍ സാര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.


'സാറിവിടെ നിന്നും മാറ്റമായ്‌ പോയല്ലോ ടീച്ചറേ..വല്ല പൊസ്തകോം കൊടുക്കാനുണ്ടോ. ഞാന്‍ ഇടക്ക്‌ പാര്‍ട്ടി മീറ്റിങ്ങില്‍ വെച്ചു കാണും.'

ശിവന്‍ സാര്‍ ചോദിച്ചു.


അവള്‍ സതംഭിച്ചില്ല. കണ്ണു നീരും വന്നില്ല. അവളുടെ ഹൃദയത്തെ അവള്‍ തൊട്ടുനോക്കി,അതവിടെത്തന്നെയുണ്ട്‌ ചടേം പടേന്ന് മിടിക്കുന്നുണ്ട്‌. അവള്‍ കൈകൊണ്ട്‌ അതിനെ തലോടി.

'ഒരു പുസ്തകം കൊടുക്കാനുണ്ട്‌ ഞാന്‍ നാളെ കൊണ്ടുവരാം.'



അവള്‍ പറഞ്ഞു.

പിറ്റേന്ന് ഡിക്ഷ്ണറി ഓഫ്‌ കൊട്ടേഷന്‍സ്‌

എന്ന പുസ്തകം അവള്‍ കൊണ്ടുവന്ന് ശിവന്‍ സാറിനുകൊടുത്തു.

അതിന്റെ അവസാനപേജില്‍ അവള്‍ ഇങ്ങനെ എഴുതി.



'ഒരിക്കല്‍ എന്റെ ഹൃദയം നിലച്ചിരുന്നു,ഇപ്പോഴത്‌ വീണ്ടും മിടിക്കുന്നുണ്ട്‌.ഒരിക്കല്‍ ഞാന്‍ ഒരാളെ സ്നേഹിച്ചിരുന്നു ആ സ്നേഹം മുഴുവന്‍ ഈ പുസ്തകത്തിലുണ്ട്‌. നിങ്ങളുടെ സ്നേഹം മിടിക്കാത്ത ഏതെങ്കിലും ഹൃദയത്തിനുകൊടുക്കൂ ആ ഹൃദയം ജീവിക്കട്ടെ'



അവള്‍ ലീവെഴുതിക്കൊടുത്ത്‌ വീട്ടിലേക്ക്‌ നടന്നു.ചെറുതായ്‌ മഴ ചാറുന്നുണ്ട്‌ അവള്‍ കുടയെപ്പറ്റിത്തന്നെ മറന്നു. ഹൃദയം ചടപടേന്ന് മിടിക്കുന്നുണ്ട്‌. അവള്‍ക്ക്‌ ഹൃദയത്തെപ്പറ്റിയോര്‍ത്തപ്പോള്‍ ചിരിവന്നു.

വയസ്സന്‍ പേരപോലെ തോലുരിഞ്ഞ്‌,ഒരു തുള്ളി സാന്ത്വനം കിട്ടാതെ മുരടിച്ച്‌,മരിച്ച്‌,തീവെച്ച്‌ ചാരമായിപ്പോകുന്ന ഹൃദയമല്ല ... മരിക്കുന്നതിനുമുമ്പ്‌ സന്തോഷത്തോടെ ഊഞ്ഞാലാടി പൊട്ടിപൊട്ടി ചിരിച്ച ഒരു പാവം ഹൃദയം..അവള്‍ക്കത്‌ സ്വന്തം ഹൃദയമാണോയെന്നുതന്നെ സംശയം തോന്നി!



Writer : സിജി

0 comments:

Copyright © 2013 ഈ പുഴയോരം