ഒളിച്ചോട്ടം

അച്ചന് ദേഷ്യം വന്നിരിക്കുവാ. അച്ചന്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞു. അച്ചന് എന്നെ വേണ്ട

ഞാന്‍ നീല സ്ലിപ്പറിട്ട് റോട്ടിലോട്ട് ഇറങ്ങി. നേരെ നടന്ന് വഴിയുടെ അറ്റത്ത് നറുതണ്ടിക്കടയിലെ അങ്കിള്‍ കാണാതെ ഇടത്തോട്ടു തിരിഞ്ഞ് പിന്നേം നടന്നാല്‍ റെയില്‍‌വേ സ്റ്റേഷനിലെത്തും. നറുതണ്ടിക്കടയിലെ അങ്കിള് കൊള്ളൂല്ല. എന്നെ കണ്ടാല്‍ അച്ചനെന്തിയേ, ഒറ്റയ്ക്കെവിടെയാ പോന്നെ, എന്നൊക്കെ ചോദ്യം തുടങ്ങും. ആ അങ്കിള്‍ ഭയങ്കര കത്തിയാ. റെയില്‍‌വേ സ്റ്റേഷനിലെത്തിയിട്ട് ഞാന്‍ വല്യ ട്രെയിനില്‍ കേറി കുറെ കുറെ ദൂരെപ്പോവും. എന്നിട്ട് ദൂരെ ഒരു ഗ്രാമത്തില്‍പ്പോയി ഇറങ്ങും. അവിടെ വല്യ ആല്‍മരമുണ്ട്. ഞാന്‍ അതിന്റെ മോളില്‍ കേറി ഇരിക്കും. എനിക്ക് മരത്തില്‍ കേറാന്‍ അറിയാമല്ലോ. ഞാന്‍ അപ്പുറത്തെ ആന്റിയുടെ വീട്ടിലെ മാവിന്റെ ഏറ്റവും മോളില്‍ വരെ കേറീട്ടുണ്ട്. നല്ല രസമാ‍. കേറിക്കേറി ഞാന്‍ ആകാശത്തിന്റെ അടുത്തെത്തും, താഴോട്ടു നോക്കാന്‍ പേടിയാവും. സുനിക്ക് മരത്തില്‍ കേറാന്‍ പേടിയാ. എനിക്ക് പേടിയില്ല. പക്ഷേ ഉറുമ്പുകടിക്കും. മാവു നിറയെ ചുവന്ന ഉറുമ്പാ. പക്ഷേ ഗ്രാമത്തിലെ ആലില് ഉറുമ്പൊന്നും കാണൂല്ല. ഞാന്‍ ഇറങ്ങി വരൂല്ല. അമ്മയും അച്ചനും വന്ന് എത്ര വിളിച്ചാലും ഞാന്‍ താഴെ ഇറങ്ങൂല്ല. നോക്കിക്കോ. സുനി എന്റെ പച്ച ബലൂണ്‍ പൊട്ടിച്ചിട്ട്, അവന്‍ കരഞ്ഞതിന്, ഞാന്‍ വീട്ടീന്നിറങ്ങിപ്പോവാന്‍ പറഞ്ഞേക്കുന്നു. ദുഷ്ടന്‍ അച്ചന്‍.

ആലിന്റെ മോളില്‍ കേറിയിരുന്നിട്ട് ഞാന്‍ ബിസ്കറ്റ് തിന്നും. എന്നിട്ട് ബിസ്കറ്റ് തീരുമ്പൊ ഞാന്‍ വേറെ മരത്തിന്റെ മോളില്‍ കേറും. എന്നിട്ട് മരത്തിലെ ഫ്രൂട്ട്‌സ് പിച്ചിത്തിന്നും. ഒരു മരത്തിലെ ഫ്രൂട്ട്സ് തീരുമ്പൊ ഞാന്‍ അടുത്ത മരത്തിന്റെ മോളില്‍ കേറും. പിന്നെ രാവിലെ ഞാന്‍ ആലിന്റെ താഴെ ഇറങ്ങി മിണ്ടാതെ ഇരിക്കും. അപ്പൊ ആള്‍ക്കാര് വിചാരിക്കും ഞാന്‍ ദൈവമാന്ന്. എന്നിട്ട് അവര് എനിക്ക് ആഹാരം കൊണ്ടുത്തരും. എന്നിട്ട് ഞാന്‍ രാത്രിയാവുമ്പൊ പിന്നേം മരത്തിന്റെ മോളില്‍ കേറിയിരിക്കും. എന്നിട്ട് മൌഗ്ലി ഉറങ്ങിയതുപോലെ ഒരു കൊമ്പിലിരുന്ന് ഉറങ്ങും. എന്നിട്ട് രാവിലെ ഒരു വാലില്ലാത്ത പട്ടിക്കുട്ടി വരും. ഞാനും പട്ടിക്കുട്ടിയും ആയിട്ട് കൂട്ടാവും, എന്നിട്ട് ഞങ്ങള്‍ രണ്ടും കൂടെ ഗ്രാമത്തിലെ തോടിന്റെ സൈഡിലും വയലിലും ഒക്കെ കറങ്ങി നടക്കും. എന്റെ ആന്റീടെ വീട്ടിന്റെ മുന്‍പില്‍ വയലുണ്ടല്ലോ. അവിടെ പശുവുണ്ടല്ലോ.

സുനി ദുഷ്ടനാ. ഇനി അവന്‍ ചേട്ടാന്നു വിളിച്ചോണ്ടു വരട്ടെ. കാണിച്ചു കൊടുക്കാം. എന്നെ ഇറക്കിവിട്ടപ്പൊ അവന് സന്തോഷമായിക്കാണും. എന്റെ നേംസ്ലിപ്പും പെന്‍സില്‍ബോക്സും മഞ്ചാടിക്കുരുവും ഒക്കെ അവന്‍ എടുത്തുകാണും. അതെല്ലാം ഒളിച്ചുവെച്ചാ മതിയായിരുന്നു. ആ ചേട്ടന്മാരും ചേച്ചിമാരും ക്രോസ് ചെയ്യുന്നതിന്റെ കൂടെ ക്രോസ് ചെയ്യാം. പക്ഷേ ഇടതുവശത്തും വലതുവശത്തും നോക്കണം എന്നാ അച്ചന്‍ പറഞ്ഞിട്ടുള്ളത്. അച്ചന്‍ ഭയങ്കര സൂക്ഷിച്ചാ ക്രോസ് ചെയ്യുന്നത്. പാവം അച്ചന് എല്ലാം പേടിയാ. എന്നിട്ടും എന്റെ അടുത്ത് മാത്രം ദേഷ്യം. സുനീടെ സൈഡും പിടിച്ചോണ്ട് എന്നെ ഇറക്കിവിട്ടേക്കുന്നു. അച്ചന്‍ കൊള്ളൂല്ല.

വൈകിട്ട് അമ്മ ഓഫീസീന്നു തിരിച്ചുവരുമ്പൊ ഞാന്‍ എന്തിയേന്നു ചോദിക്കും. എന്നെ അച്ചന്‍ ഇറക്കിവിട്ടെന്ന് അറിയുമ്പൊ അമ്മ അച്ചനെ കുറെ ചീത്തപറയും. ഞാന്‍ അമ്മേടെ പുന്നാര മൂത്തമോനല്ലേ. സുനിക്കും നല്ല അടി കിട്ടും. അവന്‍ എന്റെ പച്ച ബലൂണ്‍ കുത്തിപ്പൊട്ടിച്ചോണ്ടല്ലേ ഞാന്‍ അവനെ ഇടിച്ചെ. എന്നിട്ട് നോവാഞ്ഞിട്ടും കിടന്ന് ഉറക്കെ കരഞ്ഞോണ്ടല്ലേ അച്ചന്‍ എന്നെ ഇറങ്ങിപ്പോവാന്‍ പറഞ്ഞെ. അവനെ അമ്മ അടിച്ച് ശരിയാക്കും. നോക്കിക്കോ. അമ്മ കരയുവോ? അമ്മയ്ക്ക് എന്നെ ഒരുപാട് ഇഷ്ടമാ. റെയില്‍‌വേ സ്റ്റേഷന്‍ എന്തു വല്യ ബില്‍ഡിങ്ങാ. എത്ര ആള്‍ക്കാരാ. ഈ അങ്കിള്‍മാരൊക്കെ എന്തു സ്പീഡിലാ നടക്കുന്നെ. ട്രെയിനില്‍ കേറാന്‍ എനിക്കു പേടിയില്ല. പക്ഷേ ക്ലാസില്‍ പഠിക്കുന്ന ജോണ്‍സനു ട്രെയിനില്‍ കേറാന്‍ പേടിയാ. അവന്റെ അച്ചനും അമ്മയും ടൂറിനു പോയപ്പൊ അവന്‍ ട്രെയിനില്‍ കേറാന്‍ നേരത്ത് കരഞ്ഞു. പക്ഷേ ഞങ്ങള് ട്രെയിനില്‍ കേറി ചിങ്ങവനത്ത് പോയിട്ടുണ്ടല്ലൊ. എന്തു വല്യ ട്രെയിന്‍. ട്രെയിനിന്റെ മറ്റേ അറ്റം കാണാന്‍ പറ്റത്തില്ല. അത്ര വല്യ ട്രെയിന്‍. ട്രെയിനില്‍ നിറയെ ആള്‍ക്കാരാ. ട്രെയിനിന്റേം പ്ലാറ്റ്ഫോമിന്റേം ഇടയ്ക്ക് വീഴാതെ കമ്പിയില്‍ പിടിച്ച് സൂക്ഷിച്ച് കേറണം. ട്രെയിനിന്റെ ഇടയില്‍ വീണാല്‍ കയ്യും കാലുമൊക്കെ മുറിഞ്ഞുപോവും. ട്രെയിനിന് അത്ര ഭാരമാ. ഹായ്, ആ വിന്‍ഡോ സീറ്റില്‍ ആളില്ല. എനിക്കു വിന്‍ഡോ സീറ്റാ ഇഷ്ടം. ട്രെയിന്‍ ഓടുമ്പൊ ജനലില്‍ക്കൂടി നോക്കിയാല്‍ എല്ലാം കാണാം. ഞാന്‍ ചിങ്ങവനത്ത് പോയപ്പൊ ജനലിന്റെ അറ്റത്തുള്ള സീറ്റിലാ ഇരുന്നെ. അപ്പൊ സുനിക്ക് എന്റെ സീറ്റില്‍ ഇരിക്കണം എന്നുപറഞ്ഞ് ഭയങ്കര വഴക്കായിരുന്നു. ഞാന്‍ മാറിക്കൊടുത്തില്ല. പക്ഷേ എന്റെ എതിരെ ഇരുന്ന അങ്കിള്‍ മാറിക്കൊടുത്തു. നല്ല അങ്കിളായിരുന്നു. ഇപ്പൊ എനെ എതിരേ ഉള്ള അങ്കിള്‍ കൊള്ളൂല്ല. എന്നെ കണ്ണുരുട്ടി നോക്കുന്നു.

ട്രെയിന്‍ എന്താ വിടാത്തെ? ചിങ്ങവനത്തു പോയപ്പൊ ഞാനും സുനിയും ട്രെയിനിന്റെ വിന്‍ഡോയില്‍ പിടിച്ച് തള്ളി. ഐലേസാ ഏലേസാ ന്നു പറഞ്ഞ് ശക്തിയായി തള്ളിയപ്പൊഴാ ട്രെയിന്‍ അനങ്ങിയെ. അമ്മ അപ്പൊ കുട്ടിക്കുരങ്ങന്മാരെന്ന് പറഞ്ഞു. ഞാന്‍ മൂത്തതല്ലേ. അതോണ്ട് ഞാന്‍ ബാലി. സുനി സുഗ്രീവന്‍. നല്ല രസമായിരുന്നു. ചിങ്ങവനത്തെ റെജീന്റെ കയ്യില്‍ കുറെ ഗെയ്മുണ്ട്. അവന്റെ വീട്ടില്‍ പോവുമ്പൊ ഞങ്ങള് രാമനും സീതയുമാ. റെജി രാ‍മന്‍. സുനി ലക്ഷ്മണന്‍. പിന്നെ പ്രിയയില്ലേ, റെജീന്റെ സിസ്റ്ററ്, പ്രിയ സീത. സുനിയും റെജിയും ഒളിച്ചുനിന്ന് നൂറുവരെ എണ്ണണം. അപ്പൊ ഞാന്‍ സീതേനെ തട്ടിക്കൊണ്ടുപോവും. എന്നിട്ട് ഒളിച്ചിരിക്കും. തട്ടിക്കൊണ്ടുപോയിട്ട് ഞാന്‍ സീതേനെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടു. അപ്പൊ അവള് ഭയങ്കര ചിരി. “നോക്കിക്കോ, ഇപ്പൊ രാമനും ലക്ഷ്മണനും വന്ന് രാവണനെ കൊല്ലും“ എന്നു പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിച്ചു. അവര് സീതയെ രക്ഷിക്കാന്‍ വന്നപ്പൊ ഞാന്‍ രണ്ടുപേര്‍ക്കും ഡിഷ്യൂം ഡിഷ്യൂമെന്ന് നല്ല ഇടികൊടുത്തു. സീത കരഞ്ഞിട്ടും ഞാന്‍ കെട്ടഴിച്ചുവിട്ടില്ല. അന്നും അച്ചന്റെ അടികിട്ടി.

ഹായ്, ട്രെയിനിന്റെ സൈഡില് കായല്‍. കായലില്‍ ഒരു വളളം, പക്ഷേ കായല് പിറകോട്ടുപോയി. ഇപ്പൊ വീട്, വയല്‍, വീട്, വീട് - മരങ്ങളൊക്കെ എത്ര സ്പീഡിലാ പിറകോട്ടുപോവുന്നെ. എനിക്കു ദാഹിക്കുന്നു, ട്രെയിനിന്റെ ഡോറിന്റെ സൈഡില് വാഷ് ബേസിന്‍ ഉണ്ട്, പക്ഷേ അവിടത്തെ വെള്ളം കുടിച്ചൂടാ. ട്രെയിനിലെ വെള്ളത്തില്‍ ബാക്ടീരിയ ഉണ്ട്. അതു കുടിച്ചാല്‍ ഒരുപാട് അസുഖങ്ങള് വരും. പുറത്തു പോവുമ്പൊ ബോട്ടിലിലെ വെള്ളമേ കുടിക്കാവൂ. കാപ്പി കുടിക്കാം, പക്ഷേ കാപ്പി വാങ്ങിക്കാന്‍ പൈസ ഇല്ല. അച്ചന്റെ പോക്കറ്റില്‍ എപ്പൊഴും പൈസ ഉണ്ട്. അച്ചന്‍ ട്രെയിനില്‍ പോവുമ്പൊ കാപ്പിയും വടയും വാങ്ങിച്ചുതരും. എന്റെ കയ്യില്‍ പൈസ ഇല്ല. കായലിന്റെ അടുത്ത് ട്രെയിന്‍ നിര്‍ത്തിയാ കായലില്‍ പോയി മീന്‍ പിടിച്ച് തിന്നാം. പക്ഷേ ചൂണ്ട വേണം. കായലിന്റെ അരികില്‍ പോയി നോക്കിയാല്‍ കുറെ വള്ളം കെട്ടിയിട്ടിട്ടുണ്ടാവും. പതുക്കെ പോയി ആരും കാണാതെ വള്ളം അഴിച്ചെടുത്ത് അതില്‍ കേറി തുഴഞ്ഞു പോണം. വള്ളത്തില്‍ വല കാണും. തുഴയും കാണും. എന്നിട്ട് കായലിന്റെ നടുക്കെത്തിയിട്ട് വല എടുത്ത് വെള്ളത്തില്‍ ഇടണം. കുറച്ചു കഴിയുമ്പൊ മീനെല്ലാം വലയില്‍ കയറും. അപ്പൊ വല കുലുങ്ങും. അപ്പൊ ഞാന്‍ വല വലിച്ച് പൊക്കിയെടുക്കുമ്പൊ നിറയെ മീനുണ്ടാവും. അതിലെ കുഞ്ഞുമീനെ എല്ലാം ഞാന്‍ വെറുതേ വിടും. കുഞ്ഞുമീന്‍ പാവമല്ലേ. ഞണ്ടിനേം എനിക്ക് ഇഷ്ടമല്ല, അതു വന്ന് കാലില്‍ ഇറുക്കിയാലോ? ഞണ്ടിനെ ഞാന്‍ ഒരു തടിയെടുത്ത് അടിച്ച് ഓടിക്കും. ഞണ്ട് സൈഡിലോട്ടാ ഓടുന്നെ. കുറെ പല്ലുള്ള ഭയങ്കരന്‍ മീനിനെ ഞാന്‍ എടുത്ത് വള്ളത്തിലെ തറയിലിടും. അത് ചാടിച്ചാടി വള്ളത്തില്‍ക്കിടന്ന് ചത്തുപോവും. മീനിന് കരയില്‍ ശ്വാസം വിടാന്‍ പറ്റത്തില്ലല്ലോ. എന്നിട്ട് ഞാന്‍ കരയില്‍ പോയി വല്യ മീനിനെ ചുട്ടുതിന്നും. കുറെ വിറക് കൂട്ടിയിട്ട് തീയിടണം. തീപ്പട്ടിയും വാങ്ങിക്കണം. എന്നിട്ട് എന്നും മീന്‍ പിടിക്കാന്‍ പോവും.

പക്ഷേ ട്രെയിന്‍ കായലിന്റെ സൈഡില്‍ നിര്‍ത്തിയില്ല. കുറെ നേരം കഴിഞ്ഞ് മാവേലിക്കര എന്ന സ്റ്റോപ്പിലേ നിര്‍ത്തിയുള്ളൂ. പതുക്കെയാ ട്രെയിന്‍ നിര്‍ത്തുന്നെ, പിന്നെ കൂ‍ൂ‍ൂ ന്ന് ഓടിത്തുടങ്ങിയപ്പൊ എന്റെ അടുത്തിരുന്ന ആന്റി “മോന്റെ പേരെന്താ“ ന്നു ചോദിച്ചു. ഞാന്‍ ബാലൂ ന്നു പറഞ്ഞു. മോന്റെ അച്ചനും അമ്മയും എവിടെ? ന്നു ചോദിച്ചപ്പൊ ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്കാ ആന്റിയെ ഇഷ്ടപ്പെട്ടില്ല. ആന്റി എന്നെ കണ്ണുരുട്ടി നോക്കി. എന്നിട്ട് ആന്റീടെ ബാഗിലിരുന്ന ചോക്കളേറ്റ് എടുത്ത് തിന്നുന്നു. ആന്റീടെ കൂടെ ഉള്ള ആളും എന്നെ കണ്ണുരുട്ടി നോക്കി. പിന്നെ ചങ്ങനാശ്ശേരി എന്ന സ്റ്റോപ്പില്‍ നിറുത്തിയപ്പൊ ആന്റി ഇറങ്ങിപ്പോയി. ഇറങ്ങാന്‍ പോയപ്പൊ എന്നെ നോക്കിയിട്ട് ആന്റീടെ കൂടെ ഉള്ള ആളിനോട് ആന്റി എന്തോ പറഞ്ഞു. ഞാന്‍ പേടിച്ചുപോയി. ആന്റി എന്നെ പോലീസില്‍ പിടിച്ചു കൊടുത്താലോ? റ്റിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ പോലീസ് പിടിക്കില്ലേ? എനിക്ക് ഈ ട്രെയിനില്‍ ഉള്ള ആരെയും ഇഷ്ടമല്ല.

ട്രെയിനില്‍ എന്റെ എതിരേ ഒരു അങ്കിള്‍ വന്ന് ഇരുന്നു. ഈ അങ്കിളിന് അലെക്സങ്കിളിന്റെ പോലത്തെ താടിയുണ്ട്. പക്ഷേ അലെക്സങ്കിളിന് കുടവയറുണ്ട്. ഈ അങ്കിളിന് കുടവയറില്ല. അങ്കിള്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരിച്ചില്ല. പരിചയമില്ലാത്ത ആള്‍ക്കാരോട് കൂട്ടുകൂടരുത്. അമ്മ പറഞ്ഞിട്ടുണ്ട്. അങ്കിള്‍ ഒരു ബോബനും മോളിയും വായിച്ചോണ്ട് ഇരിക്കുന്നു. വായിച്ചു വായിച്ച് അങ്കിള്‍ ഉറങ്ങിപ്പോയി. അച്ചനെപ്പോലെ സൌണ്ട് ഉണ്ടാക്കി കൂര്‍ക്കം വലിച്ചാ ഉറങ്ങുന്നത്. അപ്പോള്‍ ട്രെയിനില്‍ അടുത്ത ബോഗിയില്‍ നിന്ന് പാട്ടും പാടിക്കൊണ്ട് രണ്ട് പിള്ളേര്‍ വന്നു. കുളിക്കാത്ത ഒരു പയ്യനും ഒരു പെണ്ണും. ഞാന്‍ ഇന്നു രാവിലെയും കുളിച്ചല്ലോ. കുളിച്ചില്ലെങ്കില്‍ അമ്മേടെ കയ്യീന്ന് അടികിട്ടും. ഈ പയ്യന് കണ്ണു കണ്ടൂടാ. അവനാ പാടുന്നത്. “രാജാക്കോ റാണീസേ പ്യാര്‍ ഹോഗയാ” ഉറക്കെ പാടുന്നു. പെണ്ണ് ഹാര്‍മോണിയം വായിക്കുന്നു. ആ പെണ്ണ് എന്റെ അടുത്ത് വന്ന് കൈ നീട്ടി. എന്റെ കയ്യില്‍ കാശില്ലല്ലോ. ഉടനെ ആ പെണ്ണ് എന്റെ കയ്യില്‍ പിടിച്ചു വലിച്ചിട്ട്, “എന്നാ ഞങ്ങടെ കൂടെ വാ, കാശുതരാം” എന്നു പറഞ്ഞു. എനിക്കു പേടിയായി. ഇവര് എന്നെ കൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ചാലോ? പിന്നെ എന്നെയും പാട്ടുപഠിപ്പിച്ച് ട്രെയിനില്‍ തെണ്ടാന്‍ വിടും. കണ്ണുകാണാതെ എങ്ങനെ ജീവിക്കും. - ഞാന്‍ കൈ വലിച്ചു. ആ പെണ്ണും ചെറുക്കനും പോവാതെ അവിടെ നിന്ന് ചിരിക്കുനു. ഞാന്‍ കരയാന്‍ തുടങ്ങി, അപ്പൊ എതിരെ ഇരുന്ന അങ്കിള് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് അവരെ വഴക്കുപറഞ്ഞു, അവര് രണ്ടുപേരും അപ്പുറത്തെ സീറ്റില്‍ പോയി രാജാക്കോ റാണീസേ പ്യാര്‍ ഹോഗയാ പാട്ട് പാടാന്‍ തുടങ്ങി.

ട്രെയിനില്‍ ഒരു പോട്ടര്‍ വടയും ചമ്മന്തിയും കൊണ്ടുവന്നു. എതിരേ ഇരുന്ന അങ്കിള്‍ വാങ്ങിച്ച് തിന്നു. അങ്കിള്‍ പതുക്കെ ചവച്ചു ചവച്ചാ തിന്നുന്നെ. എനിക്കു വേണോ എന്നു ചോദിച്ചില്ല. എനിക്കു വിശക്കുന്നു. പക്ഷേ വേണോ എന്നു ചോദിച്ചാലും ഞാന്‍ വേണ്ടാ എന്നേ പറയത്തൊള്ളൂ. അറിയാത്ത ആള്‍ക്കാരുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങിച്ച് തിന്നൂടാ. എന്നിട്ട് അങ്കിള്‍ പേപ്പര്‍ പ്ലെയ്റ്റ് മടക്കി ട്രെയിനിന്റെ ജനലില്‍ക്കൂടി പുറത്തുകളഞ്ഞു. അത് ദൂരെ പറന്നുപോയി. പേപ്പര്‍ പ്ലെയ്റ്റിന് വെയ്റ്റ് ഇല്ലാത്തോണ്ടാ അതു പറന്നുപോയെ. ബട്ടര്‍ഫ്ലൈ പോവുന്ന പോലെ പറന്നു പോവുന്നു. മനുഷ്യര്‍ ആണെങ്കില്‍ താഴെ വീണേനെ. ട്രെയിനിന്റെ വാതിലിന് അടുത്തുപോയി നിന്നാ താഴെ വീഴും. എനിക്ക് റ്റോയ്ലെറ്റില്‍ പോണം. പക്ഷേ ഡോറിന് അടുത്താ റ്റോയ്ലെറ്റ്. ചിലപ്പൊ ഭയങ്കര കാറ്റു വന്ന് ഞാന്‍ പുറത്തോട്ട് പറന്നു പോയാലോ. ഞാന്‍ ചത്തുപോയാല്‍ അച്ചനും അമ്മയ്ക്കും വിഷമം ആവും. അച്ചനെ കാണണം. പക്ഷേ അച്ചന്‍ എന്നെ വീട്ടില്‍ കേറ്റുമോ? അമ്മയേം കാണണം. പാവം അച്ചന്‍ എന്നെ തിരക്കി വരും.

ട്രെയിനിനു വെളിയില്‍ കുറെ വയല്‍. വയലിലെല്ലാം പച്ചക്കളര്‍. ഒരു കാള ഉണ്ടെങ്കില്‍ ഏതെങ്കിലും സ്ഥലത്തു പോയിട്ട് കൃഷി ചെയ്യാം. ആരും താമസിക്കാത്ത ഏതെങ്കിലും സ്ഥലത്ത് പോയിട്ട് അവിടെ കൃഷി തുടങ്ങണം. നല്ല രസമായിരിക്കും. പക്ഷേ എപ്പൊഴും കൃഷിയും ചെയ്ത് ഇരുന്നാ എങ്ങനെ സ്കൂളില്‍ പോവും. എനിക്ക് പഠിച്ച് വല്യ ആളായി സയന്റിസ്റ്റ് ആവണം. എന്നിട്ട് ഞാന്‍ കുറെ കാര്യങ്ങള്‍ കണ്ടുപിടിക്കും. എന്നിട്ട് പ്ലെയിന്‍ പറപ്പിക്കണം. പക്ഷെ ഇനി എങ്ങനെ സ്കൂളില്‍പ്പോവും. നാളെ ക്ലാസ് ഉണ്ട്. എന്റെ ബുക്ക് ഒന്നും എടുത്തുവെച്ചില്ല. എനിക്കു വീട്ടീപ്പോണം. ഇനി ഒരു സ്റ്റോപ്പില്‍ ഇറങ്ങിയിട്ട് അപ്പുറത്തെ സൈഡിലെ പ്ലാറ്റ്ഫോമില്‍ പോണം. പക്ഷേ പാളം ക്രോസ് ചെയ്യുമ്പൊ ട്രെയിന്‍ ഇടിച്ചാ ചത്തുപോവും. പാളത്തിന് മോളില്‍ കൂടെ ഉള്ള സ്റ്റെയര്‍കേസില്‍ കൂടെ കേറി ക്രോസ് ചെയ്യണം. അച്ചനും ഞാനും അങ്ങനെയാ ക്രോസ് ചെയ്യുന്നെ. എന്നിട്ട് എതിരേ പോവുന്ന ട്രെയിനില്‍ കേറണം. പക്ഷേ ആ ട്രെയിന്‍ വേറെ ഏതെങ്കിലും വഴിയില്‍ പോയാല്‍ എങ്ങനെ വീട്ടില്‍ എത്തും. ട്രെയിന്‍ ഏറ്റവും അറ്റത്തെ സ്റ്റേഷനില്‍ ചെന്നിട്ട് തിരിച്ചു വരുമല്ലോ. അപ്പൊ ഇതേ ട്രെയിനില്‍ത്തന്നെ ഇരുന്നാല്‍ തിരിച്ചു വരുന്ന വഴി വീട്ടിലിറങ്ങാം. ആ അങ്കിള്‍ എന്റെ പേരു ചോദിക്കുന്നു.

“മോന്റെ പേരെന്താ?”

“ബാലു”

മോന്റെ വീടെവിടാ?

“ഫയര്‍ സ്റ്റേഷന്റെ അടുത്ത്”

ഏതു ഫയര്‍ സ്റ്റേഷനാ? ഏതു സ്ഥലത്തെ?

കൊല്ലത്തെ

കൊല്ലത്ത് എവിടെയാ മോനേ

ഫയര്‍ സ്റ്റേഷന്റെ സൈഡില്‍.

ആഹാ, മോന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയാമോ?

ഇല്ല. അച്ചന് മൊബൈല്‍ ഫോണുണ്ടല്ലോ.

അച്ചന് എന്താ ജോലി

അച്ചന്‍ ഡോക്ടറാ.

എവിടെ?

ഹോസ്പിറ്റലില്

എന്നിട്ട് അച്ചന്‍ എവിടെ?

വീട്ടില്

അമ്മയോ?

വീട്ടില്

ആരുടെ കൂടെയാ വന്നെ?

...

ഒറ്റയ്ക്ക് ഇറങ്ങിപ്പോന്നതാണോ? അച്ചനും അമ്മയും വിഷമിക്കൂല്ലേ? തിരിച്ചു പോണ്ടേ?

പോണം. പക്ഷേ അച്ചന്‍ എന്നെ ഇറക്കിവിട്ടു.

ആ അങ്കിള് ചിരിച്ചു. “എന്റെ കൂടെ വരുന്നോ?“

എവിടെ?

അങ്കിളിന്റെ വീട് ഒരു വല്യ മലയുടെ മുകളിലാ. മലയുടെ ഏറ്റവും മുകളില്‍. നല്ല രസമാ. അവിടെ നിന്നും നോക്കിയാല്‍ ചുറ്റും ആകാശം കാണാം. അവിടെ പശുവും ആടും ഒക്കെയുണ്ട്. മോന് പശൂനെ ഇഷ്ടമാണോ?

മ്മ്മ്മ്

നമുക്ക് അടുത്ത സ്റ്റോപ്പിലിറങ്ങാം. എന്നിട്ട് അങ്കിളിന്റെ വീട്ടില്‍ രണ്ടു ദിവസം താമസിച്ചിട്ട് വീട്ടില്‍ പോവാം. പോരേ?

വേണ്ട, അമ്മ വിഷമിക്കും

അപ്പൊ വയറ്റില് പുള്ളിയുള്ള പശൂനെ കാണണ്ടേ? പശുക്കുട്ടീനെ കാണണ്ടേ? പട്ടിക്കുട്ടിയെ കാ‍ണണ്ടേ?

കാണണം.

സാരമില്ല, അമ്മ വിഷമിക്കൂല്ല. നമുക്ക് അമ്മയെ ഫോണ്‍ ചെയ്തു പറയാം.

ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ അമ്മ സമ്മതിക്കുമോ?

അതൊക്കെ അങ്കിള്‍ സമ്മതിപ്പിക്കാമെന്നേ. രണ്ടു ദിവസം കഴിഞ്ഞ് അമ്മയും അച്ചനും വന്ന് വിളിച്ചോണ്ടു പോവും. മോന്‍ ഒരു ചായ കുടിക്കുന്നോ?

വേണ്ട, എനിക്കു വീട്ടില്‍ പോണം. നാളെ സ്കൂളുണ്ട്.

ചായയും തൂക്കി പോയ ആളെ വിളിച്ച് അങ്കിള്‍ എനിക്കു ചായ വാങ്ങിച്ചുതന്നു. ചൂട് ചായ. ഞാന്‍ ഊതി ഊതി കുടിച്ചു. അങ്കിളിന്റെ വീട്ടില്‍ നാലുവയസുള്ള ഒരു ബോയ് ഉണ്ടെന്ന്. ഞാനും കൂടെ ചെന്നാല്‍ അവിടെ നല്ല രസമായിരിക്കുമെന്ന്. ആ പയ്യന് കുറെ കളിപ്പാട്ടം ഉണ്ടെന്ന്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഒരുമിച്ചിരുന്ന് കളിച്ചിട്ട് നാലഞ്ചു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചു പോവാമല്ലോ. അങ്കിള്‍ ലീവ് ലെറ്റര്‍ എഴുതിത്തരും. അങ്കിള്‍ വിളിച്ചുപറയുമ്പൊ എന്റെ അച്ചനും അമ്മയും വന്ന് എന്നെ വിളിച്ചോണ്ടു പോവും. എന്നിട്ട് അങ്കിളിന്റെ വീട്ടില്‍ കുറെ ബട്ടര്‍ഫ്ലൈ ഉണ്ട്. ചുവപ്പും നീലയും റോസും കളറുള്ള ബട്ടര്‍ഫ്ലൈ. പിന്നെ ഒരു കുഞ്ഞു ജിറാഫുണ്ട്. അതിന്റെ പുറത്തു കേറി കറങ്ങാന്‍ പോവാം.

ട്രെയിന്‍ സ്ലോ ആയി. നമുക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാമെന്ന് അങ്കിള്‍ പറഞ്ഞു. എന്നിട്ട് അവിടെ നിന്നും ഒരു ബസ്സില്‍ കയറി നമുക്ക് അങ്കിളിന്റെ വീട്ടില്‍ പോവാം. ആരെങ്കിലും ചോദിച്ചാല്‍ അങ്കിള്‍ എന്റെ ഡാഡി ആന്നേ പറയാവൂ. പക്ഷേ അങ്കിള്‍ എന്റെ അച്ചന്‍ അല്ലല്ലോ. അതു സാരമില്ല, അങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പക്ഷേ കള്ളം പറയുന്നത് തെറ്റല്ലേ. ചെറിയ കള്ളം പറയുന്നത് സാരമില്ല എന്ന് അങ്കിള്‍ പറഞ്ഞു. അപ്പൊഴേക്കും ബോഗീടെ അറ്റത്ത് രണ്ട് പോലീസുകാര്‍ കേറി. അവര് എല്ലാ സീറ്റിന്റെ അടിയിലും ഒക്കെ നോക്കുന്നുണ്ട്. ഒരു പോലീസുകാരന്റെ കയ്യില്‍ വലിയ ഒരു വടിയുണ്ട്. മറ്റേ പോലീസുകാരന്റെ കയ്യില്‍ ഒരു വല്യ പേപ്പറുണ്ട്. അങ്കിള്‍ അവരെ കണ്ടു, “മോന്‍ റ്റിക്കറ്റെടുക്കാതെ കയറിയതല്ലേ, പോലീസ് ട്രെയിനില്‍ റ്റിക്കറ്റില്ലാതെ പോവുന്നവരെ പിടിക്കാന്‍ വന്നതാ”. പോലീസ് കാണാതെയിരിക്കാന്‍ അങ്കിള്‍ എന്നെ ട്രെയ്നിന്റെ മോളിലെ ബാഗ് വെക്കുന്ന സ്ഥലത്ത് കേറ്റി ഇരുത്തി. അങ്കിളിന്റെ ബാഗിന്റെ പിറകില്‍ ഇരുന്നാ മതി എന്നു പറഞ്ഞു. ഞാന്‍ കേറി ഒളിച്ചിരുന്നു. അപ്പൊ പോലീസുകാര് വന്ന് താഴെ നോക്കി. കുറ്റിത്താടി ഉള്ള തടിയന്‍ പോലീസുകാരന്‍ സീറ്റിന്റെ താഴെ കുനിഞ്ഞുനോക്കിയപ്പൊ അയാളുടെ കയ്യിലെ പേപ്പറില്‍ എന്റെ ഫോട്ടോ!. വലുതായി പ്രിന്റ് ചെയ്ത് വെച്ചിരിക്കുന്നു. ഞാന്‍ അപ്പൊ “ഹായ്, ഞാന്‍“ എന്നു പറഞ്ഞു. പോലീസുകാരന്‍ മോളിലോട്ട് നോക്കി, എന്നിട്ട് എന്നെ പൊക്കി എടുത്ത് താഴെ ഇറക്കി. പോലീസ് അങ്കിളിന്റെ അടുത്ത് - “ഈ പയ്യനെ അറിയാമോ“ എന്നു ചോദിച്ചപ്പൊ അങ്കിള്‍ അറിയില്ല എന്നു പറഞ്ഞു. മോന്റെ അച്ചനും അമ്മയും വിഷമിക്കില്ലേ, നമുക്ക് വീട്ടില്‍ പോവാം എന്നു പോലീസ് പറഞ്ഞു. എന്നിട്ട് മറ്റേ പോലീസ് “മോന്‍ എവിടെ പോകുവായിരുന്നു“ എന്നു ചോദിച്ചു. ആ അങ്കിളിന്റെ വീട്ടില്‍ പോകുവാ എന്നു പറഞ്ഞപ്പൊ പോലീസ് തിരിച്ചു പോയി അങ്കിളിനേം വിളിച്ചോണ്ടു വന്നു. അങ്കിള്‍ ദേഷ്യപ്പെട്ട് എന്തോ പറഞ്ഞപ്പൊ പോലീസ് അങ്കിളിന്റെ മുഖത്ത് ഒറ്റ അടി കൊടുത്തു. അങ്കിളിനെ അടിക്കുന്ന കണ്ടപ്പൊ എനിക്കു സങ്കടം വന്നു, എന്നാലും എനിക്കു പേടിയായി. പോലീസിന്റെ മുമ്പില്‍ വെച്ച് ഞാന്‍ കരഞ്ഞില്ല.

സ്റ്റേഷനില്‍ വെച്ച് പോലീസ് അങ്കിള്‍ എനിക്ക് മാഗി ന്യൂഡില്‍‌സും പാലും തന്നു. ഞാന്‍ ഒരു ചെയറിലിരുന്ന് ഉറങ്ങിപ്പോയി. അച്ചനും അമ്മയും സുനിയും വന്ന് വിളിച്ചപ്പൊഴാ എണീറ്റെ. അമ്മ കരയുന്നു. പക്ഷേ അച്ചന് ഭയങ്കര സന്തോഷം. സുനിക്കും സന്തോഷം. അവന്‍ എന്റെ മഞ്ചാടീം പെന്‍സില്‍ ബോക്സും എടുത്തില്ലാന്നു പറഞ്ഞു. അവര് അലെക്സ് അങ്കിളിന്റെ കാറിലാ വന്നെ. അച്ചന്‍ എന്നെ പൊക്കിയെടുത്ത് കാറിലോട്ട് കൊണ്ടുപോയി. ഞാന്‍ വലുതായിട്ട് അച്ചന്‍ എന്നെ എന്തിനാ പൊക്കുന്നെ. അലെക്സ് അങ്കിളാ കാര്‍ ഓടിക്കുന്നെ. ഞാനും അച്ചനും കാറിന്റെ മുന്നിലെ സീറ്റിലാ ഇരിക്കുന്നെ. “ഇനി അച്ചന്‍ വഴക്കു പറഞ്ഞാലും മോന്‍ ഇറങ്ങിപ്പോവല്ലും“ എന്നു പറഞ്ഞു. പാവം അച്ചന്‍, എനിക്കു സങ്കടം വന്നു. ഞാന്‍ ഇറങ്ങിപ്പോയാല്‍ അച്ചനും അമ്മയ്ക്കും വിഷമം ആവൂല്ലേ. ഞാന്‍ ഇനി പോവൂല്ല.



Writer : സിമി

0 comments:

Copyright © 2013 ഈ പുഴയോരം